മലയാളസാഹിത്യത്തിലെ ഒരു അപൂർവ പ്രതിഭയായ വൈക്കം മുഹമ്മദ് ബഷീർ 1908 ജനുവരി 2ന് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള തലയോലപ്പറമ്പ് ഗ്രാമത്തിൽ മര വ്യാപാരിയായിരുന്ന കായി അബ്ദുറഹ്മാന്റെയും കുഞ്ഞാത്തുമ്മയുടെയും മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ളീഷ് സ്കൂളിലും ആയിരുന്നു ഏറെ വൈകിയാണ് ബഷീർ വിവാഹിതനായത്. 1958 ഡിസംബർ 18 ന്. ഫാബി ബഷീറാണ് ഭാര്യ. അനീസ്, ഷാഹിന എന്നിങ്ങനെ രണ്ട് മക്കളുണ്ട്. ആധുനിക മലയാള സാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാളായി ബഷീർ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലുംഅറബി രാജ്യങ്ങളിലും ആഫ്രിക്കൻ തീരപ്രദേശങ്ങളിലും ചുറ്റി സഞ്ചരിച്ച് പല തൊഴിലുകളിലും ഏർപ്പെട്ടിട്ടുണ്ട്. പിന്നീട് ധാരാളം അനുഭവസമ്പത്തോടെ കേരളത്തിൽ മടങ്ങിയെത്തിയ അദ്ദേഹം സാഹിത്യരചനകളിൽ ഏർപ്പെട്ടു. വിവിധ ശാഖകളിലായി മുപ്പതോളം ഗ്രന്ഥങ്ങളുടെ കർത്താവാണ് ബഷീർ. ഇദ്ദേഹത്തിന്റെ പ്രധാനകൃതികൾ നിരവധി വിദേശ ഭാഷകളിലേക്കും തർജ്ജമ ചെയ്തിട്ടുണ്ട്. അനുകരിക്കാൻ കഴിയാത്ത നർമ്മരസം തുളുമ്പിനിൽക്കുന്ന അതി ചടുലമായ ശൈലിയുടെ ഉടമയായിരുന്നു ബഷീർ. അനുഭവ സമ്പന്നതയും ജീവിത നിരീക്ഷണപാടവവും അദ്ദേഹത്തിന്റെ രചനകളിൽ പ്രതിഫലിക്കുന്നു. അൽപ്പം പരിഹാസം കലർത്തി സമുദായത്തിലെ അനാചാരങ്ങളും ദുഷ് പ്രവണതകളും തുറന്നു കാണിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ബേപ്പൂർ സുൽത്താൻ എന്ന് അദ്ദേഹത്ത വിശേഷിപ്പിക്കാറുണ്ട്. തിക്തമായ ജീവിതാനുഭവങ്ങളുടെ ആകെത്തുകയാണ് ബഷീർ കൃതികളുടെ മുഖമുദ്ര. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ,കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ് പത്മശ്രീ, ലളിതാംബിക അന്തർജ്ജനം അവാർഡ്, മുട്ടത്തുവർക്കി അവാർഡ് വള്ളത്തോൾ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. പാത്തുമ്മയുടെ ആട്, മാന്ത്രിക പൂച്ച ,ന്റുപ്പുപ്പാക്കൊരാനേണ്ടായിരുന്നു ബാല്യകാലസഖിമതിലുകൾ, പ്രേമലേഖനം, അനർഘനിമിഷം എന്നിവ അദ്ദേഹത്തിന്റെ പ്രമുഖ കൃതികളിൽ ചിലതാണ്. 1994 ജൂല 5 ന് ബഷീർ അന്തരിച്ചു